uthradavishadam

കേവലമൊരുനാള്‍ മാത്രം
കിട്ടിയ പരോളുമായ്,
കേരളം കാണാന്‍ വന്ന
ധന്യാത്മന്‍ ,നമസ്‌കാരം!
താവക മലനാടെ
ദ്യോവുപോലാക്കിത്തീര്‍ത്ത്,
പാതാളത്തുറുങ്കില്‍ നീ
പതിച്ചുപോയോ കഷ്ടം!
എന്തിനായ് മഹാബലീ
തിരികെപ്പോണം നാളെ?
സുന്ദരം കൊള്ളാമോണം
പരോളില്‍ മുങ്ങിക്കൂടെ?
പത്രാസുകാട്ടും നാട്ടില്‍
രാഷ്ട്രീയചണ്ഡാളന്‍മാര്‍
ഉത്രാടനാളില്‍ നിന്നെ
സ്വീകരിക്കുവാനെത്തും!
വടിവാള്‍ , കുന്തം, കത്തി
കൊടുവാള്‍ ,കമ്പിപ്പാര
അടിയും, പിടിയുമായ്
ഭരണം ചെയ്യുന്നവര്‍ !
സ്വാഗതം പറഞ്ഞവര്‍
പോകുന്നകണ്ടാല്‍ തോന്നും
ശ്രീ ഗുരുവായൂരപ്പാ
എന്തിത്ര തിരക്കായൊ?
അക്രമം ഓണത്തപ്പാ
നാടെങ്ങുമഴിമതി,
വിഭ്രമം കാട്ടും ചില
വക്രബുദ്ധികളയ്യോ.
അമ്പതുമമ്പത്തൊന്നും
വെട്ടിയും, നുറുക്കിയും

ഇമ്പമായ് ജയില്‍വാഴും
കൊമ്പത്തെ രാഷ്ട്രീയക്കാര്‍ !
വരിക ഭവാനെന്റെ
ജീര്‍ണ്ണിച്ച ചെറ്റക്കുടില്‍
കരുണാപൂര്‍വ്വം കാട്ടീ
മാബലി തലയാട്ടി.
ചെത്തിയും ,ജമന്തിയും
തുമ്പയുമരിപ്പൂവും,
ചെത്തിനാം വെളുപ്പിച്ചൂ
വ്യവസായച്ചെടിയും നട്ടു.
മതവും ,സംസ്‌കാരവും
മറന്നൂ ഗുരുവിന്റെ,
കരവും പിഴുതെറി-
ഞ്ഞാര്‍ത്തലച്ചാഹ്‌ളാദിച്ചൂ
നിളതന്‍ സ്വപ്‌നങ്ങളെ
തച്ചുടച്ചവളുടെ,
നിറഞ്ഞ മാറിടങ്ങള്‍
'ഷവ്വലാല്‍ 'കുത്തിക്കീറി!
സത്യങ്ങള്‍ മുറിവേറ്റിട്ട്
പുളയും നാട്ടില്‍ , വേശ്യാ
പത്തനങ്ങളില്‍ ,രാജ
രമ്യഹര്‍മ്മങ്ങള്‍ തന്നില്‍ .
ഞെട്ടറ്റുവീഴാന്‍ പോകും
ഹൈഡ്രജന്‍ബോംബിന്‍ കീഴെ
കിട്ടുമോ മഹാത്മാവെ
മാനവപുരോഗതി?
ഉത്രാടനാളില്‍ വന്ന
മാബലിമഹാരാജന്‍
എത്രയോ വിഷാദിച്ചു
'കര്‍ത്താവേ കരയുന്നോ'

തിരികെപ്പോകുന്നേരം
മാബലിയെന്തോചൊല്ലി.
അരികെച്ചെന്നൂ ഞാനും
അടരും ശബ്ദം കേട്ടു?
'മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ...
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും....'

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്