Posts

Showing posts from March, 2012

മഴക്കവിത

ഇടവപ്പാതിയടുത്തപ്പോള്‍
ചറപറമഴയുടെവരവായി
പലവര്‍ണത്തില്‍രൂപത്തില്‍
കുടകള്‍വേണംചൂടീടാന്‍
അമ്മച്ച്ചിക്കൊരുകുടവേണം
സ്വിച്ച്ചിട്ടെന്നാല്‍നിവരേണം
ഫാദറിനുള്ളോരുകുടയെന്നാല്‍
ഫോറിന്‍തന്നെയാകേണം
തീറ്റക്കാരന്‍റപ്പായിക്കൊരു
കൂറ്റന്‍കാലന്‍കുടവേണം
പിശുക്കാനായൊരുകേശുവിനെന്നും
കുടക്കുപകരംവാഴയില

ചിങ്ങം വരവായി...

പഞ്ഞക്കര്‍ക്കിടകംപോയ്,
പൊന്നുംചിങ്ങംവരവായി!
തെന്നലിലാടീമന്ദാരം
പുഞ്ചിരിതൂകീപൊന്‍താരം!
കളക‍ളമൊഴുകീതേനരുവീ,
'കലപില' കാട്ടീപൂങ്കുരുവി.
ഓണക്കാലമണഞ്ഞല്ലോ,
കാണാമെങ്ങുംസന്ദോഷം!!

കുടവയര്‍ നനയാതെ.....

കുടമാളൂളുള്ളൊരു
കുടവയറന്‍ ചേട്ടന്‍,
കുടയൊന്നു വാങ്ങുവാന്‍
കടയെട്ടുകേറി!
കുടവയര്‍ നനയാതെ,
കുടവലിയതു കിട്ടാതെ,
കുടവയറന്‍ ചേട്ടന്‍
കുട 'വയറില്‍' ചൂടി!!!

പൂരം

ധില്ലംപടപട' പൊടിപൂരം
'ധിംധിം' മദ്ദളമതുകേമം
'ഇണ്ടണ്ടണ്ടോ' ചെണ്ടക്കാര്‍
'പെപ്പരപെപ്പേ' കുഴല്‍മേളം
'ചില്‍ചില്‍' ചില്ലുമിലത്താളം
'ഭുംഭുംഭുംഭും' കതിനവെടി
ഇങ്ങിനെ പൂരം അതികേമം
കണ്ണിന്നിമ്പം ബഹുകേമം!!!

തീപ്പെട്ടി

ചന്തം തോന്നും പെട്ടി.
എന്തെല്ലാം രൂപത്തില്‍!
കിച്ചനിലെന്നുടെ വാസം.
കുട്ടികളാണെന്നുള്ളില്‍!
തുണിവക്കാത്തൊരു പെട്ടി!
പണമോ കാണില്ലൊട്ടും!
അമ്മച്ചിക്കെന്തിഷ്ടം.
ഞാനില്ലെങ്കില്‍ ഓട്ടം!
കുട്ടികളെന്നെക്കുത്തി,
'കത്തി'മരിക്കും കഷ്ടം!!

പൂവിളി പൂവിളി പൊന്നോണമായി

ഓടിയണഞ്ഞെന്റെ നാട്ടിലെല്ലാം,
ഓണത്തിന്‍ മാസ്മര ഗ്രാമഭംഗി!
സുന്ദരം മോഹനം പൂത്തുലഞ്ഞൂ,
ചന്തത്തിലായിരം പൂമരങ്ങള്‍!കുട്ടികള്‍ കൂട്ടുകാരൊത്തുകൂടി,
കൂട്ടമായ് പൂക്കളിറുത്തിടുന്നു.
തുമ്പികളമ്പരം തന്നിലെങ്ങും,
ഇമ്പമായ് പാറിപ്പറന്നിടുന്നു.അത്തം തുടങ്ങിയപ്പത്തുനാളും,
അതൃന്തമുല്‍സാഹ മോദമോടെ,
ചെത്തിപ്പൂ ജേമന്തി ചെംകദളീ
ഇത്യാദിപ്പൂക്കള്‍തന്‍ മേളമോടെ,
ഇട്ടിടുന്നെല്ലാരുമന്നുതൊട്ടേ,
വട്ടത്തിലുള്ളൊരു പൂക്കളത്തില്‍.കോടിയുടുക്കണമോണനാളില്‍
കൂട്ടുകാരൊത്താടിപ്പാടിടേണം.
അമ്മാനമാടിക്കിടാങ്ങളൊത്തി-
ട്ടൂഞ്ഞാലിലാടി രമിച്ചിടേണം.
പന്തുകളിക്കണം തുമ്പിതുള്ളല്‍
പമ്പരമേറും നടത്തിടേണം.പപ്പടം പായസമെല്ലാരുമൊ-
ത്തൊപ്പമിരുന്നു കഴിച്ചു നമ്മള്‍,
മാബലിമന്നനെ സ്വീകരിക്കാന്‍
വേഗമൊരുങ്ങുവിന്‍ കൂട്ടുകാരെ..!!

ഒറ്റശ്വാസത്തില്‍ പാടൂ

മീശക്കാരന്‍ കേശുമ്മാമനൂ
ദോശകള്‍ തിന്നാനാശമുഴുത്തി
ട്ടീശന്‍ തന്നുടെ കടയില്‍ കേറീ
മീശ പിരിച്ചു പറഞ്ഞൂ വേഗം
ദോശ വെശുപ്പതു മാറാന്‍ വണ്ണം
ആശു വരട്ടേ പതിനെട്ടെണ്ണം
മീശ പിരിച്ചതു കണ്ടിട്ടീശന്‍
കേശുമ്മാമനൊടിങ്ങനെ ചൊല്ലീ
മീശക്കാരാ കേശുമ്മാമാ
ദോശക്കൊതിയാ കേശുമ്മാമാ
കാശില്ലെങ്കില്‍ മീശ പിരിച്ചാല്‍
കേശന്‍ ലേശം പേടിക്കില്ല!!

കുഴിയാന

ആന വിരണ്ടതു കേട്ടിട്ട്ആളുകളലറിപ്പായുമ്പോള്‍കൊമ്പും നീര്‍ത്തീട്ടമ്പലമുറ്റത്തമ്പോ നല്ലൊരു കുഴിയാന

ആനവേണോ ആനക്കവിതക്ക്‌

കാട്ടിലിരിക്കും കാട്ടാന
കുഴിയിലിരിക്കും കുഴിയാന
കൊടിയതു കാലില്‍ നാട്ടാന
തോരണമാണേല്‍ തൂക്കാന
പാട്ടോ കേട്ടു രസിക്കാന
പുട്ടും കടലേം തിന്നാന
നാട്ടില്‍ പൂരം കാണാന
വീട്ടില്‍ കട്ടില്‍ കിടക്കാന
കാല് നമുക്ക് നടക്കാന
ചൂലോ മുറ്റമടിക്കാന
പാലില്‍ വെള്ളം ചേര്‍ക്കാന
താലി കഴുത്തില്‍ കെട്ടാന
കള്ളന്‍ വരണത് കക്കാന
കണ്ണട വച്ചതു കാണാന
അമ്മ വരുന്നത് തല്ലാന
ഞാനതു കണ്ടിട്ടോടാന

നിലാവ്

പണ്ടൊരു ഞാറ്റുവേല മിഥുനം പകുതിയില്‍
കൊണ്ടുവന്നു ഞാനെങ്ങുന്നോ കുത്തിയ തൈച്ചെമ്പകം,
വളര്‍ന്നൂ പരിമളം വിടര്‍ത്തും സൂനങ്ങളെ,
വിളിച്ചു കാണിക്കട്ടെ ഞാനെന്റെ കിടാങ്ങളെ.
കുയിലും, കുഞ്ഞിപ്രാവും കൂകിയും കുറുകിയും
വെയില്‍ കായുവാനെന്നൂമിരിപ്പൂ ചെമ്പകത്തില്‍!
വിടര്‍ന്ന പൂക്കള്‍ കണ്ടിട്ടാനന്ദം വഴിയുമെന്‍
വിടര്‍ന്ന കണ്ണില്‍ കണ്ടേനായിരം പൊന്‍ചെമ്പകം!
മാനത്ത് തെന്നിപ്പായും പൂര്‍ണ്ണേന്ദു പകര്‍ന്നൊരാ,
പാല്‍നിലാവോണക്കോടി പുതച്ചൂ തൈച്ചെമ്പകം!
പൊന്‍നിലാവത്ത് പൂക്കും പൂക്കളോ, പൂര്‍ണ്ണേന്ദുവോ
ചന്ദ്രികാ വസന്തത്തില്‍ ചെമ്പകമലരുകള്‍!
പുല്‍ക്കൊടി കാണുമ്പോഴും, തൂമഞ്ഞു വീഴുമ്പോഴും
കല്പിതമാവാറുള്ളെന്‍ ചിന്തകളേറെക്കാലം
പിറകോട്ടേതോ പൊന്നിന്‍ ചിങ്ങമാസത്തില്‍ വന്നു
വിടരും പൂക്കള്‍ കണ്ണില്‍ പടരുന്നോണക്കാലം
ഭാവനപ്പൂങ്കാവനം നിറയെപ്പൂക്കള്‍ ഓണ-
പ്പാട്ടുകള്‍, വള്ളംകളി, തുമ്പിതുള്ളലിന്‍ മേളംഇന്നിപ്പൊന്‍ നിലാവത്ത് കണ്ണില്‍നിന്നൊരു തുള്ളി
ക്കണ്ണുനീര്‍ വീഴാന്‍ മാത്രം അന്നത്തെയോണക്കാലം?
ഓണത്തിനുത്രാടത്തില്‍ പൂനിലാപ്രഭയെങ്ങും
പാരിടം മുഴുവനും പാല്‍ശോഭ വിരിയിക്കെ,
രാഹുലെന്‍ കാതോരമായ് ചൊല്ലി'യച്ഛാ നാളത്തെ
ഓണം ഞാന്‍ കൊള്ളാമച്ഛന്‍ വേണമെന്‍ കൂടെത്തന്നെ&…

ഓണത്തപ്പന്‍ വന്നപ്പോള്‍

ഓണത്തപ്പന്‍ കുമ്പകുലുക്കി-
കാണാന്‍ വന്നൂ നാടെല്ലാം.
ഇട്ടൂപ്പേകീ മന്നന് കൊള്ളാം
മുട്ടേം പുട്ടും ബ്രേക്ഫാസ്റ്റ്!
അഞ്ചുപ്പെണ്ണിന്‍ വീട്ടില്‍ ലഞ്ചിന്
ഇഞ്ചിക്കറിയും നാരങ്ങേം!
സപ്പറിനമ്പോ മമ്മത് മാപ്പിള,
കപ്പേം കഞ്ഞീം റഡിയാക്കി!
നാടുകളങ്ങിനെ കണ്ടുനടന്നൂ
മാബലി പൊന്നും ചിങ്ങത്തില്‍!!

ആന്‍ ഐഡിയ സ്റ്റാര്‍ കടിയന്‍

മൂളിപ്പാട്ടും പാടിവരുന്നൂ'ഗാനവിഭൂഷണ്‍' കൊതുകപ്പന്‍!
'സാസരീരിഗാഗമാമ'പാടിവരുന്നൂ കൊതുകപ്പന്‍പാട്ടുകള്‍ പാടിമയക്കീ നമ്മുടെചോര കുടിച്ചാലയ്യയ്യോ'സംഗതി' പോകും, 'ടെംപോ' പോകും,പരഗതിയാകും സൂക്ഷിച്ചോ!'സിറിഞ്ച് കൊമ്പുകള്‍' കൊണ്ടവനെങ്ങാന്‍കടിച്ചിടാതേയിന്നവനെ,'എലിമിനേഷന്‍' റൗണ്ടില്‍ നിര്‍ത്താന്‍ഐഡിയ കാണണമെന്നെന്നും!!

മാത്തപ്പന്റെ പായ

പുത്തന്‍ പായയൊരെണ്ണം വാങ്ങി
ചാത്തന്നൂരൊരു മാത്തപ്പന്‍.
പലവുരു പായ നിവര്‍ത്താന്‍ നോക്കി
പതിനെട്ടടവുമെടുത്തല്ലോ!
പായ നിവര്‍ന്നതുപോയാല്‍ കഷ്ടം
താനേപാഞ്ഞതു ചുരുളുന്നു!
ചുരുളന്‍ പായില്‍ തലചായ്ച്ചീടാന്‍
തടിയന്‍ മാത്തന്നിടമില്ല.
അടവുകളനവധി നോക്കീട്ടൊടുവില്‍
പിടലിയില്‍ ബുദ്ധിയുദിച്ചല്ലോ?
ഝടുതിയില്‍ പായനിവര്‍ത്തുക മുകളില്‍
ഉടനടി വീഴുക തന്നെ ഗതി!
തടിയന്‍ മാത്തന്‍ ഇങ്ങനെ നിത്യം
സുഖമായ് വീട്ടിലുറങ്ങുന്നു!!

ചായക്കടയില്‍ പൂച്ച!

പമ്മിപ്പമ്മി വരുന്നുണ്ട്,
കള്ളിപ്പൂച്ച കരിംപൂച്ച!
ഇഡ്ഡലികള്‍,റൊട്ടികള്‍,പുട്ടും കടലയു-
മപ്പവുമടയും,നെയ്‌റോസ്റ്റും
'പടപട' പേടിച്ചോടുന്നേരം
ലഡ്ഡുവിനു ബൂദ്ധിയുദിച്ചല്ലോ?
പലഹാരങ്ങളൊരൊറ്റക്കെട്ടായ്,
പൊരുതുകതന്നെ ഗതിയുള്ളൂ!
മുട്ടന്‍ പുട്ടൊരു കഷ്ണം വന്നൂ
മൂക്കിനു തന്നെയിടിക്കുന്നു!
ഉരുണ്ടുരുണ്ടിട്ടിഡ്ഡലികള്‍ വന്നി-
ട്ടുച്ചിയില്‍ ധിംധിം വീണല്ലോ!
പെട്ടെന്നങ്ങിനെ മുട്ടകളെല്ലാം
മുട്ടിനു രണ്ടുകൊടുത്തയ്യോ!
പലഹാരങ്ങടെയിടി പേടിച്ചാ-
കൊതിയന്‍ പൂച്ച പറക്കുന്നൂ!
അരിമാവില്‍ പോയ് കണ്ണറിയാതെ
തലയും കുത്തി മറിയുന്നു!
ഇതു കണ്ടങ്ങിനെ പലഹാരങ്ങള്‍
നിന്നു ചിരിച്ചു രസിക്കുന്നു!!!

ചക്ക

Image
പ്ലാവിന്‍ കൊമ്പില്‍
ഞാന്നു കിടക്കും
ചേലില്‍ നല്ലൊരു പത്തായം!പുറമേയെല്ലാം
ഒത്തിരി മുള്ളുകള്‍
തിരുകിയ നല്ലൊരു പത്തായം!പത്തായത്തിലെ
ചുളകള്‍ തിന്നാല്‍
കൊതി മാറില്ലാ കട്ടായം!!!

അക്ഷരഗാനം

അമ്പലപ്പുഴ വണ്ടി ഡ്രൈവറില്ല!
ആലപ്പുഴ വണ്ടി പഞ്ചറാണ്.
ഇല്ലിത്തോടേക്കുള്ള വണ്ടിയെല്ലാം,
ഈരാറ്റുപേട്ടക്കു റൂട്ട് മാറ്റി.
ഉളിയന്നൂരേക്കുള്ള വണ്ടിയേതോ,
ഊരില്‍ കിടപ്പുണ്ട് ബ്രേക്ക് ഡൗണായ്.
ഋഷിപുരത്തേക്കുള്ള വണ്ടിമാത്രംഎപ്പോള്‍ പുറപ്പെടും രൂപമില്ല!
ഏതാണ്ടു രണ്ടു മണി കഴിഞ്ഞാല്‍
ഐരൂര് പോകുന്ന വണ്ടിയെത്തും.
ഒല്ലൂര് പോയൊരു വണ്ടിയുടെ
ഓട്ടത്തില്‍ നാലു വീലൂരിപ്പോയി!
ഔഔ കരച്ചിലും മൈക്കിലൂടെ?
അംബരം മുട്ടെയുയര്‍ന്നു പൊങ്ങി?
അന്നുമുതല്‍ അനൗണ്‍സ്‌മെന്റു നിന്നൂ!
ആലുവാക്കക്കര്‍ക്കു സന്തോഷം വന്നൂ!!

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്

ഞായര്‍ വിതച്ചൂ പാടം; മുഴുവന്‍
ഞാറു വളര്‍ന്നല്ലോ.
തിങ്കള്‍ വന്നൂ വളമിട്ടല്ലോ
ഞാറിനു കതിരിട്ടൂ.
ചൊവ്വ വരുന്നേ കൊയ്യാറായി
നെല്ലു വിളഞ്ഞല്ലോ.
ബുധനോ കറ്റയെടുത്തുനടന്നൂ
കറ്റമെതിക്കേണം.
വ്യാഴം കറ്റമെതിക്കാന്‍ ബുധനുടെ
കൂടെപ്പോകുന്നു.
വെള്ളിക്കുട്ടന്‍ പാട്ടുകള്‍പാടി
നെല്ലും പാറ്റുന്നു.
ശനിയോ നെല്ലുമടുപ്പത്തിട്ട്,
ചോറുവിളമ്പുന്നു!!

കുമാരനാശാന്റെ മരണം

ഇന്നല്ലോ മന്ത്രിവന്നെത്തുന്നൂ നഗരത്തില്‍
പങ്കെടുക്കേണം ആശാന്‍ സെമിനാറില്‍ ,പിന്നെ
കൃത്യമഞ്ചിന് കൊച്ചീപോര്‍ട്ടിലെത്തണം; ഉഗാണ്ടയില്‍
നിന്നുടന്‍ തിരിച്ചെത്തും മുഖ്യനെ വരവേല്‍ക്കാന്‍!
II
നഗരത്തില്‍ കൊടികള്‍ , തോരണങ്ങള്‍ ,നേതാവിന്റെ
വരവും ലക് ഷ്യം വച്ചു താലത്താല്‍ പെണ്‍കുട്ടികള്‍.
എട്ടിനിങ്ങെത്തും മന്ത്രി ചൊന്നതങ്ങിനെയെന്നാല്‍,
പത്തരയായീമണി! വേപഥുപൂണ്ടൂ ജനം!IIIപൊട്ടുന്നൂ പടക്കം, തന്‍ വലത്തേക്കരം മന്ത്രി
ഒട്ടൊന്നു പൊക്കിക്കാട്ടി ജനത്തെ മോദിപ്പിച്ചൂ!
സാദരം നേതാവൊരാള്‍ മാലയൊരെണ്ണം ജന-
കോടിതന്‍ ആരാദ്ധ്യനെ മോദേനയണിയിച്ചൂ.മന്ത്രിചൊല്ലുന്നൂ; 'യോഗം പെട്ടെന്നു തീര്‍ത്തീടണം
അഞ്ചിനു തന്നേയങ്ങുമെത്തണമെയര്‍പോര്‍ട്ടില്‍'
'രണ്ടുവാക്കെങ്കിലും സര്‍ പറഞ്ഞേ മതിയാകൂ
കണ്ടില്ലേയവിടുത്തെയണികളക്ഷമയോടെ,

എന്തെങ്കിലുമൊന്നുകേള്‍ക്കുവാന്‍ തിരുസ്വനം
കൊണ്ടുടന്‍ നഗരത്തെ പരിപാവനയാക്കാന്‍'?IV'നമസ്‌തേ ജനങ്ങളേ പണ്ടു ശ്രീ കുമാരനെന്‍
ക്ലാസ്‌മേറ്റായിരുന്നപ്പോള്‍ തുടങ്ങീയാശാന്‍പണി?
അന്നവനീവേല ചെയ്തില്ലായിരുന്നെങ്കില്‍,
ഇന്നുണ്ടോ കുടിപ്പള്ളിക്കൂടങ്ങള്‍ ജനങ്ങളെ?
പിന്നെ മറ്റൊരുകാര്യം അന്നാശാന്‍ ചൊല്ലീ? സീക്ര-
ട്ടെങ്കിലും ചൊല്ലാം …

ദേഷ്യം വരരുത്

പൂച്ചേടെ വാലിലൊരീച്ചവന്നു
പൂച്ചക്കു മൂക്കത്തു കോപം വന്നു
വാലു പതുക്കെ വളച്ചെടുത്തു
ഈച്ചക്കൊരൊറ്റക്കടി കൊടുത്തു
പൂച്ചേടെ വാലു മുറിഞ്ഞുപോയി
ഈച്ച പറന്നു പറന്നു പോയി!!

കവിതേ വിടര്‍ന്നാലും..

പലപല ചേഷ്ടകള്‍ കാട്ടിയെന്റെയുള്ളില്‍
വിടരുക മല്‍പ്രിയ കാവ്യസുന്ദരീ നീ
പരിചൊടു തല്‍പര തൂയമാനസത്തില്‍
തഴുകിയൊഴുക്കുക കാവ്യസൗരഭങ്ങള്‍.അണിമതിയതു നിന്‍ മുഖാരവിന്ദം
മമ മനവാടിയില്‍ രമ്യ പാരിജാതം
അണയുക പാകുക പൂവതിങ്കല്‍ നിന്നും
വിടരുമനന്ത സുഗന്ധസൗകുമാര്യം.മൃദുപദഗതിയാലടുത്തുവന്നാ-
പരിണത പാണിതലേ തലോടാന്‍
തനു തനുനപമാര്‍ന്ന മേനി പുല്‍കി
മകിഴുവനായി കൊതിപ്പു മഞ്ജുവാണി.അതുമതിയീനലനവ്യമാനസത്തില്‍
മൃദുമധുകോകിലമായിനീയണഞ്ഞാ
മധുരമനോഹര ഗാനമൊന്നു തൂകി
വിടരുക കവിതാമുകുരം വിടര്‍ന്നിടട്ടെ!!

ചന്ദ്രന്‍

വെളുത്തവാവിന്‍ നാളില്‍വലിയൊരു വളയം ചന്ദ്രന്‍കറുത്തവാവായാലോ,കാണാതാകും ചന്ദ്രന്‍

മുഴുമതി

അനന്തനീലവിഹായസ്‌സില്‍ആഹാ മുഴുമതിപായുന്നു.മേഘക്കീറുമറച്ചയ്യോമേദിനിയെങ്ങുമിരുട്ടായി.തങ്കനിലാവലയും തൂകിഅമ്പിളി വീണ്ടും വിടരുന്നു.ഒട്ടൊരുനാളും കഴിയുമ്പോള്‍,മുഴുമതിയരമതിയാകുന്നു!!!

ചന്ദ്രന്‍

ആകാശത്തിലെയമ്പിളിചാരെ
അണയാതെന്തിന്നമ്മേ?കളിക്കുമെന്നോടൊപ്പം മാമന്‍ഒളിച്ചു മേഘക്കീറില്‍.കാണാതേഞാന്‍ കരയുന്നേരംപുറത്തുവന്നു ചിരിക്കും!ഒട്ടൊരുനാളുകഴിഞ്ഞാലമ്പിളി്,വട്ടം ചെറുതായ് പോകും!ഇങ്ങിനെപോയാല്‍ മാമനുവേണംനല്ല രസായന സേവ!!താഴോട്ടൊന്നുവരാമോ - ഡോക്ടറെ,കണ്ടുമടങ്ങിപ്പോകാം!!!

ക്രിക്കറ്റ്‌

അരുണും,കിരണും പതിവായി
പെരുവഴിതന്നില്‍ ക്രിക്കറ്റ്!
തെങ്ങിന്‍മടലാലൊരുബാറ്റ്!
വാങ്ങീബോളൊരു രൂപക്ക്.
ഒന്നാം ഓവറിലൊന്നാം ബോള്‍
ചില്ലുതകര്‍ത്ത് പുരക്കുള്ളില്‍!
ചാണ്ടിസ്‌സാറിന്‍ മണ്ടയിലായ്
കൊണ്ടുതറച്ചൂ രണ്ടാംബോള്‍!
ആറാംപന്തു പറന്നെത്തീ
പാറുപ്പെണ്ണിന്‍ പള്ളക്ക്!
'ഇന്നിംഗ്‌സിനിയും' നീണ്ടെന്നാല്‍
എല്ലും പല്ലും കാണില്ല.
റണ്ണൊന്നിനിയുമെടുത്തില്ല
അയ്യോ വേഗം ഓടിക്കൊ!!!

കിടപ്പിലായി

Image
അമ്പിളിമാമനെയെത്തിപ്പിടിക്കുവാന്‍ശങ്കരന്‍ചേട്ടനോപൂതിയായി.
അമ്പലമുറ്റത്തെയാലിന്‍നിറുകിലായ്
ശങ്കരന്‍ചേട്ടനോകേറ്റമായി.
ആലിന്റെമേലേറിമാമന്റെമേലേക്ക്,
ചാടിയനേരത്തോകഷ്ടമായി?
മാമനെക്കിട്ടാഞ്ഞ്താഴോട്ട്വീണയ്യൊ
കാലുമൊടിഞ്ഞുകിടപ്പിലായി!!

കുട്ടായീ... കഷ്ടായി!

പഴുത്തമാങ്ങകള്‍ തിന്നാനായി
പാവം നമ്മുടെ കുട്ടായി,
പിടിച്ചുകേറിയനേരം മാങ്ങ
കടിച്ചുവീഴ്ത്തീ കുയിലമ്മ.
നിലത്തുവീണൊരു മാങ്ങയെടുക്കാം
എടുത്തുചാടീ കുട്ടായി.
കടിച്ചെടുത്തിട്ടോടീ മാങ്ങ
കടിയന്‍പട്ടി കഷ്ടായി!

'ഠ'

അറിയില്ലമ്മേ
എങ്ങിനെയെഴുതും
ഞാനി 'ഠ'?
പറയാമമ്മൂ
തൊട്ടോളൂ ദേ
തേരട്ട.
അമ്മേ കാണുക
തേരട്ടയിതാ
'ഠാ'യായി
അങ്ങിനെയമ്മുപഠിച്ചൂ
പാഠം തേര 'ഠ'!!
ഒരു പാവം ആനക്കുട്ടനാണ് അച്ചു. ആരേയും ഒന്നും ചെയ്യില്ല.എന്നാല്‍ അച്ചുവിന്റെ ആനക്കാരന്‍ വീരു ഒരു ഭയങ്കരനാണ്. അയാള്‍ പാവം അച്ചുവിനെ എപ്പോഴും പേടിപ്പിക്കും.

ഒരു ദിവസം അച്ചുവിനെ സുന്ദരന്‍ എന്ന ഓന്തച്ചന്‍ കണ്ടു. അച്ചുവിന്റെ അടുത്ത് ആനക്കാരന്‍ വീരുവും അടുത്ത വീട്ടിലെ പൂച്ചയും ഉണ്ടായിരുന്നു. ഓന്തച്ചന് ഒരു കുസ്യതി തോന്നി. അവന്‍ ഓടിച്ചെന്ന് ആനയുടെ മൂക്കില്‍ കയറി ഇക്കിളിയാക്കി!ആന ഉറക്കെത്തുമ്മി. 'ഹാ....ച്...ഛീതുമ്മലിന്റെ ശക്തിയില്‍ ഓന്തച്ചന്‍ തെറിച്ച് ആനക്കാരന്‍ വീരുവിന്റെ മൂക്കില്‍ച്ചെന്നുവീണു. അതുകണ്ട പൂച്ച ഓന്തിനെപ്പിടിക്കാന്‍ ഒറ്റച്ചാട്ടം. മൂക്കിലേക്ക്! എന്നിട്ടോ? ഓന്തിനെ ആഞ്ഞൊരു കടിയും!ഓന്ത് പേടിച്ച് ഒറ്റച്ചാട്ടം. കടികൊണ്ടതോ ആനക്കാരന്റെ മൂക്കില്‍ ! അയാള്‍ 'അയ്യോ.. അയ്യോ' എന്ന് കരഞ്ഞുകൊണ്ടോടി.'ഹഹ ദേഷൃക്കാരന്‍ വീരുവിന് അങ്ങനെ വരണം'. അച്ചുവാന പറഞ്ഞു.എന്തായാലും പിന്നീടൊരിക്കലും വീരു അച്ചുവാനയെ ഉപദ്രവിച്ചിട്ടേയില്ല!!

കണിക്കൊന്ന

അമ്പലമുറ്റത്തെയാലിന്നടുത്തായി-
ട്ടുണ്ടല്ലോ നല്ല കണിക്കൊന്ന.
അങ്ങോട്ടുമിങ്ങോട്ടും പോകുന്ന നാട്ടാര്‍ക്കു
കണ്ണിനു കിട്ടിയ സൗഭാഗൃം.
അന്നേരം നാണിച്ചു നില്‍ക്കുമീപ്പെണ്ണിന്റെ,
കമ്മല്‍പ്പൂവിന്നെന്തു ചാഞ്ചാട്ടം.
ആ നന്ദപുത്രനോ പീതാംബരം കെട്ടി-
ആനന്ദരൂപിയായ് നില്‍ക്കുന്നോ?
പൊന്നേ കനകമേ നീയറിഞ്ഞീലയോ
ഇന്നാണു മേടവിഷുപ്പുലരി.
നിന്നെത്തഴുകി വരുന്ന കാറ്റില്‍ വന്നു
നിന്നപ്പോള്‍ ഞാനൊരു കുഞ്ഞായി.
പൊന്നിളം ചില്ലയില്‍ കൂടുകൂട്ടി പ്രേമ
പഞ്ചമം പാടി വിഷുപ്പക്ഷി.
എന്നാലുമെന്റെ കണിക്കൊന്നേ കഷ്ട-
മെങ്ങുപോയെങ്ങുപോയ് നിന്‍ സുഗന്ധം?
ഇല്ലില്ല പാരിതിലാരുമില്ല ചോല്ലാ-
മെല്ലാം തികഞ്ഞിട്ടു ദൈവം പോലും
ഇന്നു നീയിത്തിരിപ്പൂതരികില്‍ ഞാനി-
ന്നെന്തു പകരം നിനക്കു നല്‍കാന്‍?
ഉമ്മകളായിരം തന്നിടണോ നിന-
ക്കുപ്പേരി പപ്പടം സദൃ വേണോ?
അച്ഛനോടായിപ്പറഞ്ഞിട്ടു ഞാന്‍ വല്ല
മിഠായി വാങ്ങിത്തരേണമെന്നോ?
എന്തുവേണം നിനക്കെന്തുവേണം? കണി-
ക്കൊന്നപ്പൂവല്‍പമെനിക്കും വേണം.
വന്നേക്കണം നീയടുത്തമേടക്കാല
മല്ലെങ്കില്‍ നിന്നോടുകൂട്ടില്ല.

ആലിപ്പഴം

നല്ല തുലാമഴ സമയത്ത്
ആലിപ്പഴമഴ മുറ്റത്ത്.
പഴമത് തിന്നാന്‍ കൊതി മൂത്ത്
പാവം രാമന്‍ കമ്മത്ത്
വീണു കിടക്കും നേരത്ത്
ആലിപ്പഴമത് മൂക്കത്ത്!

ഭംഗി

മണിമണി പോലെ കിടക്കും മുന്തിരി
വള്ളിക്കെന്തൊരു ഭംഗി.
പൂക്കള്‍ക്കെന്തൊരു ഭംഗി, വാനില്‍
നക്ഷത്രത്തിനു ഭംഗി.
പുഴകള്‍, മലകള്‍, പൂവണിമേടുകള്‍
പുല്ലിനുപോലും ഭംഗി.
ഭംഗിയിതെല്ലാം തന്നൂ ദൈവം
നന്ദീ നന്ദീ നന്ദി!!

കള്ളന്‍ കുട്ടന്‍

തട്ടും മുട്ടും കേട്ടിട്ടയ്യാ
കുട്ടിപ്പട്ടരു തട്ടിന്‍ മുകളില്‍
പെട്ടെന്നങ്ങനെ കയറുന്നേരം
ചട്ടന്‍ കുട്ടന്‍ പെട്ടീലാക്കി
ച്ചട്ടീം വട്ടീം ചട്ടുകമെല്ലാം
പട്ടരുമപ്പോള്‍ പട്ടികളെട്ടു
ട്ടെട്ടിനുമൊപ്പം കുട്ടനു പിമ്പേ
യോട്ടമതായിപ്പട്ടീം വട്ടീം
ചട്ടുകമെല്ലാമടിപിടിയായി-
ക്കടിപിടിയായിച്ചട്ടീം വട്ടീം
ചട്ടുകമെല്ലാം പൊടിപൊടി
യായേയയ്യയ്യാ....

ശരണാര്‍ത്ഥി

ശബരിഗിരീശ പുരാന്തക നന്ദനാ നീ
അനുനിമിഷം മമ മാനസത്തിലെത്തൂ
പരിചരണന്നടിയന്‍ തുണയങ്ങു മാത്രമാണീ,
ചരണ സരോജമതിങ്കലണഞ്ഞിടുമ്പോള്‍.

പശുപതിനന്ദന പമ്പയില്‍ കുളിച്ച്
അശുചികളൊക്കെയകറ്റി ശുദ്ധമാക്കി
അശുവടിയന്‍ സവിധത്തിലെത്തിടുമ്പോള്‍,
കല്മഷമൊക്കെയൊഴിഞ്ഞു പോയിടേണം.

ഇരുമുടിയേന്തി കറുപ്പുടുത്തു നാവില്‍
ശരണമുഖാന്തരമായി സഹിക്കവയ്യാ
കരിമലകേറ്റമതെന്റെ കാലധര്‍മ്മം
കരമതുനല്‍കിയനുഗ്രഹിക്കവേണം

മഹിഷിയെ സുന്ദരിയാക്കി വാമഭാഗേ
മരുവിടുവാനവിടുന്നനുഗ്രഹിച്ചു.
മഹിഷമതാണടിയന്‍ ഭഗവാനെനിക്ക്
മഹിയിലെ ദുഖമകറ്റി രക്ഷയേകു.

പരഗതിതേടിയണഞ്ഞതെങ്കിലും ഞാന്‍
പടിപതിനെട്ടു കരേറുവാനസാദ്ധ്യം!
പദകമലം സ്തുതി ചെയ്തുകൊണ്ടു ഞാനും
പരമപദം അണയാന്‍ ശരണം തരേണം!

മന്ത്രിയും തന്ത്രിയും

മന്ത്രിക്കെന്തിനു മന്ത്രം
മന്ത്രിക്കുള്ളത് തന്ത്രം
തന്ത്രിക്കില്ലാ തന്ത്രം
തന്ത്രിക്കായത് മന്ത്രം

സ്വപ്‌നകാമുകി സാത്താന്‍ പ്രേയസി

ആലോലനീലവിലോചനത്താല്‍ നമ്മ-
ളായിരം സ്വപ്നങ്ങള്‍ തീര്‍ത്തു.
കാര്‍മുകില്‍ കാര്‍കൂന്തലെന്റെ മാറില്‍, നൂറു
വാര്‍മുകിലായിപ്പടര്‍ന്നു.
താരിളം ചുണ്ടുകളെന്‍ മോഹ വല്ലിയില്‍
തീയായ് പടര്‍ന്നുല്ലസിച്ചു.
കുഞ്ഞു നുണക്കുഴിക്കുള്ളിലെയോളത്തില്‍
കുഞ്ഞായി നീന്തിത്തുടിച്ചു.
പൂവണിമേനിയെച്ചുറ്റിവരിയുന്ന
ദാവണിയാവാന്‍ കൊതിച്ചു.
പാദങ്ങളില്‍ സ്വരമേളമുതിര്‍ക്കുന്ന
പാദസരങ്ങളായാലോ?
നേരം പ്രഭാതത്തില്‍ നീവന്ന നേരത്തു
നീരാളം നാം പങ്കുവച്ചു.
പ്രേമരസാമൃതമൂട്ടുവാനായി ഞാ-
നാമുഖമെന്നോടു ചേര്‍ക്കെ,
ആരോ പുതപ്പുമടര്‍ത്തിമാറ്റി- എന്റെ
ചാരത്തു വന്നു പുലമ്പി.
ഒന്നു ചിണുങ്ങി ഞാനെന്റെ സ്വപ്നങ്ങളില്‍
വന്ന പിശാചിനെ നോക്കി?
അന്നേരമയ്യോ പുലമ്പലിന്‍ തീജ്വാല
വന്നെന്റെ കര്‍ണ്ണം കരിച്ചു.
ഭാര്യയെ വന്ദിച്ചു ഞാനെന്‍ അടുക്കള
ക്കാര്യങ്ങള്‍ നോക്കുവാന്‍ പോയി
പാവമെന്‍ കാമുകിയെന്‍ മനവാടിയില്‍
പൂവായ് സുഗന്ധം പടര്‍ത്തി!!

തത്തമ്മ

മുറ്റത്തെ മാവിന്റെ
ചില്ലയില്‍ വന്നൊരു
തത്തമ്മ പാട്ടുപാടി - തിത്തൈ
തത്തമ്മ ആട്ടമാടി.

പെട്ടെന്ന് മാവിന്റെ
ചില്ലയില്‍ നിന്നൊരു
മത്തങ്ങാ മാങ്ങ വീണു - പൊത്തോം
ഞെട്ടറ്റ് താഴെ വീണു.

തത്തമ്മ പേടിച്ചു പോയി - പാവം
എങ്ങോ പറന്നു പോയി.
കുട്ടന് മാമ്പഴം കിട്ടി - കുട്ടന്‍
കൂട്ടുകാരൊത്തു കൈകൊട്ടി

ചക്ക

ചക്കയൊരെണ്ണം വെട്ടിയിടാനായ്,
ചാക്കോച്ചേട്ടന്‍ പ്ലാവില്‍ കയറി.
ഞെട്ടിനു നോക്കിത്തട്ടിയനേരം,
കൊമ്പുമൊടിഞ്ഞേ തരികിടയായി.
ചാക്കോച്ചേട്ടന്‍ താഴത്താണേ,
ചക്കപതിച്ചതു മൂക്കത്താണേ!

പൊന്നുമ്മ

പല്ലൊന്നൂ തേക്കെന്റെ ചെല്ലമ്മ
തെല്ലു നേരം കഴിഞ്ഞോട്ടമ്മ.
പാഠം പഠിക്കെന്റെ ചെല്ലമ്മ.
പാതിരയായില്ലെ പൊന്നമ്മ.
ദോശവെന്തോടിവാ ചെല്ലമ്മ.
അമ്മക്കുനല്ലൊരു പൊന്നുമ്മ!!

മുത്തശ്ശിമാവിനോട്

മുറ്റത്തെ മുത്തശ്ശിമാവേ തരിക നീ
ചെറ്റെന്ന് നല്ല പഴൂത്ത മാങ്ങ.
കുഞ്ഞിളംകാറ്റിന്റെയാലോലമാട്ടലും,
മഞ്ഞക്കിളിയുടെ ചൂളം വിളികളും,
പൊന്നിന്‍ പ്രഭാതത്തിലെത്തുമിളം വെയില്‍
ചിന്നിപ്പടരുന്ന മാന്തളിര്‍ ശോഭയും,
കൊള്ളുന്ന മുത്തശ്ശിമാവേ മടിയാതെ തന്നു
കൊള്ളേണം പഴുത്ത മാങ്ങ.

അണ്ണാറക്കണ്ണനും, അമ്പാടിക്കണ്ണനും
കണ്ണിനു കണ്ണായ മാ മരം നീ.
അമ്പിളിമാമന്റെ പാല്‍ നിലാശോഭയില്‍
ഇമ്പം കുളിച്ച മനോഹരി നീ.
ഇന്നലെ നീ തന്ന മാമ്പഴം മുറ്റത്തു
വന്നു വീണപ്പൊഴേ കാക്ക കൊത്തി!
ഇന്നെന്റെ മുത്തശ്ശി മാമ്പഴം കിട്ടാതെ
നിന്നോടു കൂടില്ല മിണ്ടില്ല!

കുഞ്ഞിളം പൈതലിന്‍ നല്ലിളം കൊഞ്ചലില്‍്,
കുഞ്ഞുമനസ്‌സിന്റെ കണ്ണാടിശോഭയില്‍്,
തെന്നലലിഞ്ഞലിഞ്ഞോടിയെത്തീ മാവില്‍
വന്നെത്തി മാങ്കനി ഞെട്ടു പൊട്ടി!
മുത്തശ്ശിമാവിലെ മാമ്പഴമുണ്ടിട്ടു
മുത്തശ്ശി പല്ലില്ലാ മോണകാട്ടി!
പൂവാലനണ്ണാനോ ചിച്ചിലും സങ്കടം
പാവം കൊതിമൂത്തു പാട്ടുപാടി!!

മൊബൈലന്‍

ബസ് സ്‌റ്റോപ്പില്‍, തീവണ്ടിയില്‍
ചന്തയില്‍, ഹോസ്പിറ്റലില്‍
പിച്ചക്കാര്‍ക്കിടയിലും
കാണുമീ 'കുഞ്ഞന്‍ യന്ത്രം'!

റേഡിയോ, ടീവീ ന്യൂസും
ക്രിക്കറ്റും, മാര്‍ക്കറ്റിലെ
'കേറലുമിറങ്ങലും',
നിര്‍വിഘ്‌നം കാട്ടും കേമന്‍്!

സിനിമാ കാണാം, നല്ല
'സീനുകള്‍' വേണേല്‍ കാണാം!
സിനിമാടിക്കറ്റും, നെറ്റും
ബാങ്കിങ്ങും നടത്തിടാം.

എന്തൊരു സൗഭാഗ്യമീ,
ലോകത്തില്‍ ജനങ്ങള്‍ക്കീ-
യെന്തിരന്‍ നല്‍കീടുന്നൂ
മൊബൈലേ നമോവാകം.

കള്ളനും, കൊള്ളക്കാര്‍ക്കും
മന്ത്രിക്കും, തന്ത്രിക്കുമീ
കുള്ളനായിരിക്കുന്ന
സാധനം തന്നെ വേണം!

വാണിഭത്തിനും വേണം
പറയാം വരും തീര്‍ച്ച
കോണകത്തുമ്പില്‍പ്പോലും
'റിങ്ങു' ചെയ്തീടും കാലം

മഴ മാറിയിട്ടില്ല

മഴപെയ്തു വഴിയെല്ലാംപുഴപോലെയായി!വയലേലയിലലതല്ലീമഴവെള്ളം കേറി.കളിവഞ്ചിയിലെന്തു രസംകരകാണാതലയാന്‍നിരനിരയായ് ചൂണ്ടലിടാന്‍കരുമാടിപ്പിള്ളേര്‍മാനത്തായ് മഴമേഘ-ച്ചാഞ്ചാട്ടം കാണൂ.താഴെത്തലതല്ലീ മഴപെയ്യട്ടേ !!ചേലില്‍

കണ്ണന്റെ ഓടക്കുഴല്‍

1അങ്ങാപ്പുല്‍മേട്ടില്‍ നിന്നോ, പനിമതി വിടരും
മാമലക്കാട്ടില്‍ നിന്നോ,
വന്നാ ഗാനസുഗന്ധവീചിയലയായ്
കര്‍ണ്ണം കുളിര്‍പ്പിക്കയോ?
എങ്ങുന്നെന്നറിയാതെ ഞാനുഴറവേ,
കണ്ടൂ മനക്കോണിലായ്
നിന്നും കായാമ്പുവര്‍ണ്ണന്‍ ഹൃദയദളപുടം
ചേര്‍ത്ത വേണൂനിനാദം!

2
കണ്ണാ, ചോദിച്ചു ഞാനും മതിമതി മധുരം
തന്നെയീ വേണുഗാനം
എന്നാല്‍ നിര്‍ത്തുക! നോക്കണം നടുവിലാ-
ലെത്തീ ജനത്തിന്‍ തിര!
പൊന്നോമല്‍ക്കുഴല്‍ മാറ്റിവച്ചു പകരൂ
ഭക്തര്‍ക്കു നീ വല്ലതും
ചെന്നിട്ടാനന്ദപൂര്‍വ്വം ഗുരുപവനപുരം
പോയി സൗഭാഗ്യമേകൂ.
3

ചെഞ്ചുണ്ടില്‍ ചേര്‍ത്തുവച്ചാമുരളികയവനും
തന്നു കാരുണ്യപുര്‍വ്വം
ചെന്നൂ ശ്രീ ഗുരുവായുരമ്പലമതില്‍
വന്നു മോദം വിളങ്ങീ.
അന്നാക്കിട്ടിയ വേണുവായടിയനും
ഇന്നീ മഹീ തന്നിലാ-
യെന്തോ പാട്ടുകള്‍ പാടിടുന്നിവനെ നീ
പാടിപ്പഠിപ്പിക്കണം!
4

പുല്ലിന്നും പുളകം നിറക്കുമഴകില്‍
വല്ലാതെനിന്‍ ഗാനവും
ഉള്ളില്‍ക്കൂട്ടുമഹന്ത ബാഷ്പകണമായ്
തള്ളുന്ന നോട്ടങ്ങളും
പുല്ലാം പൂങ്കുഴലൂതിവന്നടിയനെ-
ക്കാത്താലുമെന്‍കാര്‍മുകില്‍
വര്‍ണ്ണാ ഞാനുമതിന്നുമായനുദിനം
പ്രാര്‍ത്ഥിപ്പു നീയാശ്…

ഹേ കൃഷ്ണാ!

ചൊടിമലരിണയെത്തഴുകാന്‍ വെമ്പും
മുരളികയാവാം കണ്ണാ.
ഹരിമുരളീരവമൊഴുകട്ടേ മമ
നിരുപമ മോഹന കൃഷ്ണാ.

കാളിന്ദീതടവിപിനം തവപദ
കാല്‍ത്താളത്താല്‍ ശാന്തം.
കാളിയദര്‍പ്പമടക്കിയ ദേവാ
കാമിതയാണീ രാധ.

യമുനാതീരവിഹാരീ മാധവ,
മധുരാഭുവനവിഹാരീ,
ഹൃദയം പ്രമദം, വിരഹം കഠിനം
ഹരിനീതന്നേ ശരണം!!

ഠിം പ്ലക്കോ (കുട്ടിക്കഥ)

ഒരിടത്ത് പൂവാലന്‍ എന്നൊരു അണ്ണാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ പൂവാലനണ്ണാന്‍ 'ചില്‍.. ചില്‍' എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് എന്തോ തിന്നുകയായിരുന്നു. അപ്പോഴാണ് പാണ്ടന്‍ എന്ന പട്ടി അതുവഴിവന്നത് പാണ്ടന്‍ 'ഭൗ...ഭൗ' എന്ന് കുരച്ചുകൊണ്ട് വന്നു പൂവാലനണ്ണാന്‍ ഒറ്റ ഓട്ടം! പാണ്ടന്‍ പട്ടി പിന്നാലെ ഓടി! പൂവാലനണ്ണാന്‍ എന്തു ചെയ്‌തെന്നോ? തൊട്ടടുത്ത പപ്പായമരത്തില്‍ ചാടിക്കയറി. ഇനിയെങ്ങനെ പൂവാലനണ്ണാനെ പിടിക്കും? പാണ്ടന്‍ പട്ടി ആലോചിച്ചു. അവനൊരു സൂത്രം തോന്നി. പാണ്ടന്‍ പട്ടി പപ്പായമരത്തില്‍ തലകൊണ്ട് ഒറ്റയിടി! 'ഠിം! പപ്പായമരം കുലുങ്ങി പൂവാലനണ്ണാന്‍ വീഴും... അതായിരുന്നു പാണ്ടന്റെ വിചാരം. എന്നാല്‍ വീണതെന്താണെന്നോ? നന്നായി പഴുത്ത വലിയൊരു പപ്പായ! 'പ്ലക്കോ!' പാണ്ടന്റെ തലയിലാണ് പപ്പായ വീണത്! പാണ്ടന് ശരിക്കും വേദനിച്ചു. അവന്‍ 'ഭൗ..ഭൗ..' എന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയി. പൂവാലനണ്ണാന്‍ അതു കണ്ട് കൈകൊട്ടിച്ചിരിച്ചു. 'ഹ...ഹ'

വൃശ്ചികക്കാറ്റേ വഴിമാറല്ലേ

വൃശ്ചികക്കാറ്റിന്‍ പട്ടു
നീരാളം പുതച്ചാവാം
സ്വച്ഛന്ദം തെങ്ങിന്‍തല-
പ്പാവുകള്‍ നൃത്തം വച്ചൂ.പിഞ്ചിളംമനസ്‌സിനെ-
ക്കോള്‍മയിര്‍ക്കൊള്ളിച്ചിതാ
തെന്നലിന്‍ തലോടലില്‍
ഇലകള്‍ പൊഴിയുന്നൂ.ദൂരെയാ ചെറ്റക്കുടില്‍
തന്നിലായൊരു വൃദ്ധന്‍
കാര്യമെന്തറിയാതെ
വരട്ടുചൊറി മാന്തി!അമ്പലത്തിലെയക്ഷി-
പ്പാലയില്‍ നിന്നും രണ്ട്
കുഞ്ഞിളം കുയിലുകള്‍
പഞ്ചമം നീട്ടിപ്പാടി.എന്‍മനസ്‌സിലെ ഭൂത
യൗവ്വനത്തുടിപ്പിനെ
നിര്‍ലജ്ജം പുണര്‍ന്നിട്ടീ
കാറ്റെങ്ങോ മറയുന്നു.ആലില പകരുന്ന
ദലമര്‍മ്മരങ്ങളാല്‍
ആനന്ദം വഴിയുന്നു
ണ്ടാവോളമിളം കാറ്റില്‍.
തിരുവാതിരക്കാറ്റീ-
വൃശ്ചികക്കാറ്റെന്നത്രേ
പലരും പറയുന്നൂ
മൂത്തവര്‍ പറയട്ടെ.
പേരിലെന്തിരിക്കൂന്നൂ
കാറ്റേ നീ മടങ്ങല്ലേ
പോരണമെന്‍ ചാരത്താ-
യായിരം മുത്തം നല്‍കാം!