മുത്തശ്ശിമാവിനോട്

മുറ്റത്തെ മുത്തശ്ശിമാവേ തരിക നീ
ചെറ്റെന്ന് നല്ല പഴൂത്ത മാങ്ങ.
കുഞ്ഞിളംകാറ്റിന്റെയാലോലമാട്ടലും,
മഞ്ഞക്കിളിയുടെ ചൂളം വിളികളും,
പൊന്നിന്‍ പ്രഭാതത്തിലെത്തുമിളം വെയില്‍
ചിന്നിപ്പടരുന്ന മാന്തളിര്‍ ശോഭയും,
കൊള്ളുന്ന മുത്തശ്ശിമാവേ മടിയാതെ തന്നു
കൊള്ളേണം പഴുത്ത മാങ്ങ.

അണ്ണാറക്കണ്ണനും, അമ്പാടിക്കണ്ണനും
കണ്ണിനു കണ്ണായ മാ മരം നീ.
അമ്പിളിമാമന്റെ പാല്‍ നിലാശോഭയില്‍
ഇമ്പം കുളിച്ച മനോഹരി നീ.
ഇന്നലെ നീ തന്ന മാമ്പഴം മുറ്റത്തു
വന്നു വീണപ്പൊഴേ കാക്ക കൊത്തി!
ഇന്നെന്റെ മുത്തശ്ശി മാമ്പഴം കിട്ടാതെ
നിന്നോടു കൂടില്ല മിണ്ടില്ല!

കുഞ്ഞിളം പൈതലിന്‍ നല്ലിളം കൊഞ്ചലില്‍്,
കുഞ്ഞുമനസ്‌സിന്റെ കണ്ണാടിശോഭയില്‍്,
തെന്നലലിഞ്ഞലിഞ്ഞോടിയെത്തീ മാവില്‍
വന്നെത്തി മാങ്കനി ഞെട്ടു പൊട്ടി!
മുത്തശ്ശിമാവിലെ മാമ്പഴമുണ്ടിട്ടു
മുത്തശ്ശി പല്ലില്ലാ മോണകാട്ടി!
പൂവാലനണ്ണാനോ ചിച്ചിലും സങ്കടം
പാവം കൊതിമൂത്തു പാട്ടുപാടി!!

Comments

Popular posts from this blog

മഴക്കവിത