പൂവിളി പൂവിളി പൊന്നോണമായി

ഓടിയണഞ്ഞെന്റെ നാട്ടിലെല്ലാം,
ഓണത്തിന്‍ മാസ്മര ഗ്രാമഭംഗി!
സുന്ദരം മോഹനം പൂത്തുലഞ്ഞൂ,
ചന്തത്തിലായിരം പൂമരങ്ങള്‍!

കുട്ടികള്‍ കൂട്ടുകാരൊത്തുകൂടി,
കൂട്ടമായ് പൂക്കളിറുത്തിടുന്നു.
തുമ്പികളമ്പരം തന്നിലെങ്ങും,
ഇമ്പമായ് പാറിപ്പറന്നിടുന്നു.

അത്തം തുടങ്ങിയപ്പത്തുനാളും,
അതൃന്തമുല്‍സാഹ മോദമോടെ,
ചെത്തിപ്പൂ ജേമന്തി ചെംകദളീ
ഇത്യാദിപ്പൂക്കള്‍തന്‍ മേളമോടെ,
ഇട്ടിടുന്നെല്ലാരുമന്നുതൊട്ടേ,
വട്ടത്തിലുള്ളൊരു പൂക്കളത്തില്‍.

കോടിയുടുക്കണമോണനാളില്‍
കൂട്ടുകാരൊത്താടിപ്പാടിടേണം.
അമ്മാനമാടിക്കിടാങ്ങളൊത്തി-
ട്ടൂഞ്ഞാലിലാടി രമിച്ചിടേണം.
പന്തുകളിക്കണം തുമ്പിതുള്ളല്‍
പമ്പരമേറും നടത്തിടേണം.

പപ്പടം പായസമെല്ലാരുമൊ-
ത്തൊപ്പമിരുന്നു കഴിച്ചു നമ്മള്‍,
മാബലിമന്നനെ സ്വീകരിക്കാന്‍
വേഗമൊരുങ്ങുവിന്‍ കൂട്ടുകാരെ..!!

Comments

Popular posts from this blog

മഴക്കവിത