കണിക്കൊന്ന

അമ്പലമുറ്റത്തെയാലിന്നടുത്തായി-
ട്ടുണ്ടല്ലോ നല്ല കണിക്കൊന്ന.
അങ്ങോട്ടുമിങ്ങോട്ടും പോകുന്ന നാട്ടാര്‍ക്കു
കണ്ണിനു കിട്ടിയ സൗഭാഗൃം.
അന്നേരം നാണിച്ചു നില്‍ക്കുമീപ്പെണ്ണിന്റെ,
കമ്മല്‍പ്പൂവിന്നെന്തു ചാഞ്ചാട്ടം.
ആ നന്ദപുത്രനോ പീതാംബരം കെട്ടി-
ആനന്ദരൂപിയായ് നില്‍ക്കുന്നോ?
പൊന്നേ കനകമേ നീയറിഞ്ഞീലയോ
ഇന്നാണു മേടവിഷുപ്പുലരി.
നിന്നെത്തഴുകി വരുന്ന കാറ്റില്‍ വന്നു
നിന്നപ്പോള്‍ ഞാനൊരു കുഞ്ഞായി.
പൊന്നിളം ചില്ലയില്‍ കൂടുകൂട്ടി പ്രേമ
പഞ്ചമം പാടി വിഷുപ്പക്ഷി.
എന്നാലുമെന്റെ കണിക്കൊന്നേ കഷ്ട-
മെങ്ങുപോയെങ്ങുപോയ് നിന്‍ സുഗന്ധം?
ഇല്ലില്ല പാരിതിലാരുമില്ല ചോല്ലാ-
മെല്ലാം തികഞ്ഞിട്ടു ദൈവം പോലും
ഇന്നു നീയിത്തിരിപ്പൂതരികില്‍ ഞാനി-
ന്നെന്തു പകരം നിനക്കു നല്‍കാന്‍?
ഉമ്മകളായിരം തന്നിടണോ നിന-
ക്കുപ്പേരി പപ്പടം സദൃ വേണോ?
അച്ഛനോടായിപ്പറഞ്ഞിട്ടു ഞാന്‍ വല്ല
മിഠായി വാങ്ങിത്തരേണമെന്നോ?
എന്തുവേണം നിനക്കെന്തുവേണം? കണി-
ക്കൊന്നപ്പൂവല്‍പമെനിക്കും വേണം.
വന്നേക്കണം നീയടുത്തമേടക്കാല
മല്ലെങ്കില്‍ നിന്നോടുകൂട്ടില്ല.

Comments

Popular posts from this blog

മഴക്കവിത