(ഇനിയെങ്കിലും കുരുന്നുബാല്യങ്ങള്‍ക്ക് കുഴല്‍ക്കിണറുകള്‍
മരണക്കിണറാവരുത്. അവര്‍ ഭാവിയുടെ മുത്തുകളാണ്.
ഈ കവിത അധികൃതരുടെ മിഴികളെ തുറപ്പിക്കട്ടെ.)
പറയാമമ്മേ ഞാനി-
ന്നറിയാതൊരു പദം
പുറകോട്ടെടുത്തുപോയ്
വാസ്തവമറിയാതെ!
നിര്‍ണ്ണയമച്ഛന്‍ വന്ന്
ചക്കരമുത്തം നല്‍കും.
നീര്‍മിഴി തുളുമ്പീ ഞാന്‍
കരഞ്ഞൂ പലവട്ടം.
കേട്ടിട്ടുണ്ടാകും ചേട്ടന്‍
ഞാനൊന്ന് പിണങ്ങിയാല്‍ ,
പാട്ടുപാടിത്താരാട്ടി-
യുറക്കാറില്ലേ വീട്ടില്‍ ?
അച്ഛനെന്നടുത്തേക്കു
വേഗം പോരണമെന്റെ,
കൊച്ചിളംകൈ വല്ലാതെ
വേദനിക്കുന്നുണ്ടല്ലോ.
പോരണം സൂക്ഷിച്ചിങ്ങു
കൂരിരുട്ടെന്താണാവോ?
കാരണമറിയില്ല
കറുപ്പാണെവിടെയും!
കുറ്റാക്കൂരിരുട്ടാവാം
അമ്പോറ്റിമാരെങ്ങാനും,
കാട്ടുമോ ഒരുതരി
വെളിച്ചം മാത്രം മതി.
പേടിയുണ്ടയ്യോ പഴു-
താരയോ ,പാമ്പോ വന്നാല്‍
കൂടെയില്ലാരും ഞാനും
കുഞ്ഞുവാവയാണല്ലേ.
അമ്മിഞ്ഞപ്പാലിന്‍ ഗന്ധം
വരുന്നുണ്ടെവിടുന്നോ
അമ്മയെത്തിയോ, തപ്പി-
നോക്കി ഞാന്‍ വെറും മണ്ണില്‍ !
പുഴിമണ്ണിനെപ്പിടി-
ച്ചണച്ചൂ 'അമ്മേ, അമ്മേ'
പാഴായിപ്പോയെന്‍ വിളി.
അമ്മയെങ്ങോ പോയല്ലേ?
വിശപ്പുമാത്രം കൂട്ടി-
നാവോളം പിറന്നാളിന്‍
നിശക്ക് സമ്മാനിച്ച
മിഠായി മനസ്‌സിലും!
കൂട്ടുകാര്‍ക്കെല്ലാം ചേട്ടന്‍
മധുരം കൊടുക്കണം,
കൂട്ടത്തില്‍ പറയണം
'പിറന്നാളാശംസകള്‍ '

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്