വൃശ്ചികക്കാറ്റേ വഴിമാറല്ലേ

വൃശ്ചികക്കാറ്റിന്‍ പട്ടു
നീരാളം പുതച്ചാവാം
സ്വച്ഛന്ദം തെങ്ങിന്‍തല-
പ്പാവുകള്‍ നൃത്തം വച്ചൂ.




പിഞ്ചിളംമനസ്‌സിനെ-
ക്കോള്‍മയിര്‍ക്കൊള്ളിച്ചിതാ
തെന്നലിന്‍ തലോടലില്‍
ഇലകള്‍ പൊഴിയുന്നൂ.


ദൂരെയാ ചെറ്റക്കുടില്‍
തന്നിലായൊരു വൃദ്ധന്‍
കാര്യമെന്തറിയാതെ
വരട്ടുചൊറി മാന്തി!


അമ്പലത്തിലെയക്ഷി-
പ്പാലയില്‍ നിന്നും രണ്ട്
കുഞ്ഞിളം കുയിലുകള്‍
പഞ്ചമം നീട്ടിപ്പാടി.


എന്‍മനസ്‌സിലെ ഭൂത
യൗവ്വനത്തുടിപ്പിനെ
നിര്‍ലജ്ജം പുണര്‍ന്നിട്ടീ
കാറ്റെങ്ങോ മറയുന്നു.


ആലില പകരുന്ന
ദലമര്‍മ്മരങ്ങളാല്‍
ആനന്ദം വഴിയുന്നു
ണ്ടാവോളമിളം കാറ്റില്‍.


തിരുവാതിരക്കാറ്റീ-
വൃശ്ചികക്കാറ്റെന്നത്രേ
പലരും പറയുന്നൂ
മൂത്തവര്‍ പറയട്ടെ.


പേരിലെന്തിരിക്കൂന്നൂ
കാറ്റേ നീ മടങ്ങല്ലേ
പോരണമെന്‍ ചാരത്താ-
യായിരം മുത്തം നല്‍കാം!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്