ഒരു പോത്തിന്റെ വിലാപം


അമ്മതന്‍ അകിടോരം ചൂടേറ്റ് മയങ്ങുമ്പോള്‍,
പിഞ്ചുപോത്തിന്‍ നെറ്റിയില്‍ രണ്ടിറ്റുകണ്ണീര്‍ വീണു.
എത്തിയോ തുലാവര്‍ഷമിത്രയും നേരത്തെയെ-
ന്നോര്‍ത്തവന്‍ നോക്കുന്നേരം, പോത്തമ്മ കരയുന്നു!

ഞാനൊന്നു കൂത്താടിയാല്‍ തീരുമെന്‍ മാതാവിന്റെ,
രോദനം കുഞ്ഞിപ്പോത്തുണ്ടോടുന്നു തുള്ളിച്ചാടി.
അമ്മതന്നഴകേറും മുഖത്തിന്‍ വാട്ടം തെല്ലും,
ഇല്ലില്ല കുറഞ്ഞില്ല അമ്മേ ഞാന്‍ തരാമുമ്മ.

മൂക്കോട്മൂക്ക് ചേര്‍ത്തു പോത്തു പൊന്‍കിടാവിന്റെ,
മൂര്‍ദ്ധാവില്‍ ചുംബിച്ചിട്ടു മുതുകില്‍ നക്കിത്തോര്‍ത്തി!
തുള്ളിച്ചാടിയ ക്ഷീണം തെല്ലും മാറിടാഞ്ഞവന്‍,
അമ്മതന്നകിടിനെ തന്‍ മുഖത്തോടുചേര്‍ത്തു!

തുള്ളിപോലും നീ ബാക്കി വക്കാതെ കുടിക്കുക
ഇന്നീയമ്മതന്‍ മാറില്‍ പറ്റിച്ചേര്‍ന്നുറങ്ങുക.
നാളെ നീയെഴുന്നേല്‍ക്കും മുന്‍പ് ഞാന്‍ പരലോകം
പൂകിയിട്ടുണ്ടാകും തീര്‍ച്ച ഇന്നമ്മയുറങ്ങില്ല..

കരയില്ലമ്മ തെല്ലും കശാപ്പുകത്തിയെന്റെ,
കുരലില്‍ കയറുമ്പോള്‍ മകനെ വിചാരിക്കും.
നീ വളര്‍ന്നൊരു വല്യ പോത്തായിത്തീര്‍ന്നീടണം
ധീരനായ് വളരണം അച്്ഛനെപ്പോലാകണം.

മൂക്കയര്‍ പൊട്ടിച്ഛച്ഛന്‍ കശാപ്പുകാരന്‍ വയര്‍
വെട്ടി കഷ്ണം രണ്ടാക്കീ സധൈര്യം മരിച്ചില്ലെ?
ഉറങ്ങും മകന്‍മുഖം അവസാനമായ് നോക്കി
കറുമ്പിപ്പോത്തമ്മ ഹാ കശാപ്പുശാല പുല്‍കി!

മകനേ ഒരുനീണ്ട വിളികേട്ടതുമവന്‍
ഉറങ്ങിയെഴുന്നേറ്റു ചുരന്ന മുലതപ്പി
അവന്റെ അമ്മേ വിളിആയിരമലകളായ്
അകലെ സ്വര്‍ഗത്തെത്തി അമ്മക്കു സന്തോഷമായ്!!

Comments

Popular posts from this blog

മഴക്കവിത